തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയ തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കള്‍ പിടിയില്‍
കൊടുങ്ങല്ലൂർ: തീരമേഖലയുടെ ഉറക്കം കെടുത്തിയ മോഷണസംഘം പിടിയിൽ.തമിഴ്നാട്ടിലെ
തിരുട്ടുഗ്രാമത്തിലെ സ്ഥിരം മോഷ്ടാക്കളായ സ്ത്രീ ഉൾപ്പടെയുള്ള മൂന്നംഗ സംഘമാണ് മതിലകത്ത് പിടിയിലായത്.രാത്രികാലങ്ങളിൽ വീടിൻ്റെ പിൻവാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങളും പണവും കവരുന്ന തമിഴ്നാട് കമ്പം സ്വദേശി ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ (48), ആന്ദ എന്ന ആനന്ദകുമാർ (35 ) മാരി (45) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തീരപ്രദേശത്ത് തമ്പടിച്ച് പകൽ സമയങ്ങളിൽ കത്തി മൂർച്ച കൂട്ടാനുളള ഉപകരണവുമായും കത്തികൾ വിൽക്കുന്നതിനുമായും വീടുകൾ കയറിയിറങ്ങുകയും രാത്രി കാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം നടത്തുകയുമായിരുന്നു ഇവരുടെ രീതി. മോഷണം വ്യാപകമായതിനെതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ - മതിലകം തീര മേഖലയിൽ പ്രത്യേക ആക്ഷൻപ്ലാൻ തയ്യാറാക്കി രാത്രികാല പട്രോളിങ് നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മതിലകം സ്റ്റേഷൻ പരിധിയിൽ സംഘം മോഷണം നടത്തുന്നതിന് ശ്രമിച്ചിരുന്നു.
തുടർന്ന് മതിലകം പൊലീസ്, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എന്നീ പൊലീസ് യൂണിറ്റുകൾ പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ വിദഗ്ദ്ധമായി രക്ഷപ്പെട്ട് മറ്റൊരുസ്ഥലത്ത് വീണ്ടും മോഷണം നടത്തുന്നതിന് ഇവർ ശ്രമിച്ചു. ഇവിടവും പോലീസ് വളഞ്ഞതോടെ ഇവർ ആളില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്നു.
അതിരാവിലെ അതുവഴി കടന്നുപോകുന്ന ബസ്സുകളിൽ അടക്കം തിരച്ചിൽ നടത്തിയ പോലീസ് സംഘം ശ്രീനാരായണപുരത്തുനിന്നും ഒരാളെ ഓടിച്ചു പിടികൂടി.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ
അടിസ്ഥാനത്തിൽ രണ്ടാമനെനാട്ടുകാരുടെ സഹായത്തോടെ അസ്മാബി കോളേജ് പരിസരത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.മോഷ്ടിക്കുന്ന സ്വർണം വിൽപ്പന നടത്തിയിരുന്ന, ഇവരുടെ സംഘത്തിലുൾപ്പെട്ട സ്ത്രീയെയും പിന്നീട് പിടികൂടി.
പകൽ സമയങ്ങളിൽ കത്തി മൂർച്ച കൂട്ടാനുള്ള ഉപകരണവുമായും കത്തികൾ വിൽക്കുന്നതിനുമായും നടന്ന് ഇടവഴികളും വീടുകളും മനസ്സിലാക്കി പിന്നീട് രാത്രിസമയങ്ങളിൽ വീടുകളുടെ പിൻവശത്തെ പൂർണ്ണമായും താഴിടാത്ത വാതിലുകൾ തകർത്ത് അകത്ത് കയറി ഉറങ്ങി കിടക്കുന്നവരുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്നതാണ് ഇവരുടെ ശൈലി. മോഷണ ശ്രമത്തിനിടയിൽ എതിർക്കുന്നവരെ ആക്രമിക്കാനു അപായപെടുത്തുവാനും മടിയില്ലാത്ത ഇവർ റോഡുകളും ഇടവഴികളും ഒഴിവാക്കി പറമ്പുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
സർക്കിൾ ഇൻസ്പെക്ടർമാരായ ഇ.ആർ ബൈജു, എം.കെ ഷാജി, പി.സി സുനിൽ, അജിത്ത്, രവി, രമ്യാ കാർത്തികേയൻ, ഹറോൾഡ് ജോർജ്, സുരേഷ് ലവൻ, ശ്രീ ലാൽ, സി.ആർ പ്രദീപ്, എ.എസ്.ഐ വി.പി ഷൈജു, എസ്.സി.പി.ഒ സി.ടി രാജൻ, സി.കെ ബിജു,സുനിൽ, മനോജ്, സി.പി.ഒമാരായ എ.ബി നിഷാന്ത്, സലിം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതികളെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.
Leave A Comment