കച്ചവടം കത്തിക്കയറുന്നു; പൂക്കടക്കാർക്ക് ഉത്സവകാലം
തൃശൂർ: തിരുമുറ്റത്ത് പൂക്കളം ഒരുക്കി മലയാളി ഓണം ആഘോഷിക്കുന്പോൾ പൂ വ്യാപരികൾക്ക് ഉത്സവകാലംകൂടിയാണ്. പലനിറത്തിലുള്ള ചെണ്ടുമല്ലിയാണ് വില്പനയിൽ മുന്നിൽ. റോസ്, ജമന്തി, അരളി, വാടാമല്ലി എന്നിവയ്ക്കും നല്ല വില്പനയാണ്.
ഈ വർഷം പൂവിപണിയിൽ കാര്യമായ വിലക്കയറ്റം ഇല്ല. വെള്ള ജമന്തിയുടെ ലഭ്യത കുറവാണ്. അതിനാൽ കിലോയ്ക്ക് 400 രൂപ മുതൽ 500 രൂപവരെ വിലയുണ്ട്. ബാക്കി പൂക്കൾക്കും ശരാശരി വിലയിൽ താഴെയാണ്. 150 രൂപ മുതൽ മുകളിലേക്കാണ് ഓരോന്നിന്റെയും വില.
ഇന്നും നാളെയും വില ഇനിയും വർധിച്ചേക്കും. ബംഗളൂരുവിൽ നിന്നും കോയന്പത്തൂരിൽ നിന്നുമാണ് പ്രധാനമായും പൂക്കളെത്തുന്നത്. സ്കൂളിലും കോളജിലും ഓണാഘോഷം കഴിഞ്ഞെങ്കിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളിലാണ് ഇനി വ്യാപാരികളുടെ പ്രതീക്ഷ.
ഓണപൂക്കളം ഇടാതെ മലയാളിക്ക് ഓണമില്ല. പൂക്കള മത്സരങ്ങൾക്കും, വീടുകൾക്ക് മുന്നിൽ പൂക്കളമിടുന്നതിനും നിരവധി പേരാണ് പൂവിനായി എത്തുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ വില്പന പ്രതീക്ഷിച്ചാണ് വിപണി സജീവമായത്.
Leave A Comment