ജാതി സെൻസസ്: കാസ്റ്റ് സെൻസസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
തൃശൂർ: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദലിത്, പിന്നോക്ക, ന്യൂനപക്ഷ സംഘടനകളുടെ സംയുക്ത വേദിയായ
കാസ്റ്റ് സെൻസസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അതിൻ്റെ ഭാഗമായി വിവിധ പരിപാടികൾക്ക് രൂപം നൽകി.
ഡിസംബർ രണ്ടാം വാരം തൃശൂർ നഗരത്തിൽ 10,000 പേരെ പങ്കെടുപ്പിച്ച് ശക്തി പ്രകടനവും പൊതുസമ്മേളനവും നടത്തും. ഇതിൻ്റെ ജില്ലാതല പ്രഖ്യാപന സമ്മേളനം നവംബർ 14 ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും വാഗ്മിയുമായ ഡോ. ജി. മോഹൻ ഗോപാൽ, വി.ആർ. ജോഷി തുടങ്ങി പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മേഖല കൺവെൻഷനുകൾ സംഘടിപ്പിക്കും. 14 സംഘടനകൾ അടങ്ങുന്നതാണ് കോ-ഓർഡിനേഷൻ കമ്മിറ്റി. കൂടുതൽ സംഘടനകൾ ഇതിൽ അണിചേരും. ഈ സംഘടനകളിലെ അംഗങ്ങൾ ഡിസംബറിലെ ശക്തി പ്രകടനത്തിൽ പങ്കെടുക്കും. തെക്കേ ഗോപുര നടയിൽ പൊതുസമ്മേളനത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാന പരിപാടികൾക്ക് മുൻകൈ എടുക്കും.
ജാതി സെൻസസിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തും. അതിനാവശ്യമായ മറ്റു സമരമുഖങ്ങളും തുറക്കും. ജാതി സെൻസസ് നടത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ മേഖലയിലും മതിയായ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും ഒളിച്ചുകളി അവസാനിപ്പിക്കണം.
വാർത്താ സമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. പി.ആർ. സുരേഷ്, ജനറൽ കൺവീനർ സുധീഷ് ബാബു, ആർ.എം. സുലൈമാൻ
എന്നിവർ പങ്കെടുത്തു.
Leave A Comment