ജില്ലാ വാർത്ത

ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണം; തെളിവില്ല, പെരിങ്ങണ്ടൂർ ബാങ്കിന്‍റെ ഹർജി തള്ളി കോടതി

കൊച്ചി: കരുവന്നൂർ കേസിൽ വ്യാജമൊഴി നൽകാൻ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന പെരിങ്ങണ്ടൂർ ബാങ്കിന്‍റെ ഹർജി കോടതി തള്ളി. ഹർജിയിലെ ആരോപണത്തിന് തെളിവില്ലെന്നും ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് നടപടി. 

ബാങ്കിനെതിരെ മാധ്യമങ്ങൾക്ക് വ്യാജ വിവരം ചോർത്തി നൽകിയെന്ന ആരോപണവും പെരിങ്ങണ്ടൂർ ബാങ്ക് അധികൃതർ ഹർജിയിൽ ഉന്നയിച്ചെങ്കിലും ഇക്കാര്യവും കോടതി പരിഗണിച്ചില്ല. കേസിൽ  റിമാൻഡിൽ കഴിയുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങൾ ചർച്ചയായതിന് പിറകെയാണ് ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചത്. 

കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിശ്ചയിച്ചാണ് ഹർജി നിലനിൽക്കുമോ എന്ന് കോടതി പരിശോധിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തൽ.

Leave A Comment