ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷം: സുരക്ഷാ വീഴ്ചയിൽ റിപ്പോർട്ട് തേടി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ഡിസിപി എസ്. ശശിധരനെ ചുമതലപ്പെടുത്തിയതായി കമ്മീഷണർ അറിയിച്ചു.
ഡിസംബർ 31ന് നടന്ന പുതുവർഷാഘോഷത്തിന് നാല് ലക്ഷം പേർ എത്തിയെന്നാണ് കണക്ക്. ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ തന്നെ ഏറ്റവും വർണാഭമായ പുതുവത്സരാഘോഷം നടന്ന ഫോർട്ട്കൊച്ചിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപ്പേരാണ് അവശരായത്.
ഇരുപതിനായിരം പേർ മാത്രം ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ സുരക്ഷയോ ഒരുക്കിയില്ലെന്നും ആക്ഷേപം ഉയരുകയാണ്. എങ്കിലും ഇത്രയധികം ജനം എത്തിയിട്ടും ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
Leave A Comment