ജില്ലാ വാർത്ത

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചു; ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂളിനെതിരെ പരാതി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നാഷ്ണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എടതിരിഞ്ഞി സ്വദേശിയെ ആണ് ഫിസിക്കല്‍ എജ്യൂകേഷന്‍ അദ്ധ്യപകന്‍ ക്രൂരമായി മര്‍ദ്ധിച്ചതായി ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.ഉച്ച സമയത്ത് കൂട്ടുക്കാരുമായി പേപ്പര്‍ ബോള്‍ ഉണ്ടാക്കി കളിച്ചിരുന്ന വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ രൂക്ഷമായി നോക്കുകയും അടുത്തേയ്ക്ക് വിളിച്ച് ഷോള്‍ഡറില്‍ കൈ വച്ച് അമര്‍ത്തുകയും ചെയ്തുവെന്നും വേദന സഹിക്കാതായപ്പോള്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെ കൈ തട്ടിതെറിപ്പിച്ചുവെന്നും പറയുന്നു. 

ഇതില്‍ കുപിതനായ അദ്ധ്യാപകന്‍ സ്റ്റാഫ് റൂമിലേയ്ക്ക് വിദ്യാര്‍ത്ഥിയെ കൊണ്ട് പോയി വാതിലും ജനലും അടച്ചിട്ട് രണ്ട് ചൂരലുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പറഞ്ഞു.പരീക്ഷ എഴുതിക്കില്ലെന്നും പറഞ്ഞതായും ആരോപണമുണ്ട്.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥി മൂകനായി ഇരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദന വിവരം പറയുന്നത്.തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ഇരിങ്ങാലക്കുട പോലീസില്‍ പരാതിപെടുകയുമായിരുന്നു.

Leave A Comment