ജില്ലാ വാർത്ത

അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു, 43 പേര്‍ക്ക് പരിക്ക്

ഇടുക്കി: പുതുവര്‍ഷ ദിനത്തിൽ ഇടുക്കിക്ക് നൊമ്പരമായി വാഹനാപകടം. മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. വളാഞ്ചേരി സ്വദേശി മിൻഹാജ് ആണ് മരിച്ചത്. 43 പേ‍ർക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്.

തിരൂര്‍ റീജ്യണൽ ഐടിഐയിലെ  വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു.  ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സാരമായി പരുക്കേറ്റ 11 പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment