ജില്ലാ വാർത്ത

കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തു

പുതുക്കാട്: കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. പുതുക്കാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കാഞ്ഞിരത്തിങ്കൽ ജോജുവിൻ്റെ വീട്ടിലെ കാർഷെഡിൽ നിർത്തിയിട്ട മാരുതി സെലെറിയോ കാറാണ് തകർത്തത്. അടച്ചിട്ട ഗേറ്റിന് പുറത്തുനിന്ന് ഇരുമ്പുവടി ഉപയോഗിച്ച് കാറിൻ്റെ പിൻവശത്തെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. 

ശബ്ദം കേട്ടുണർന്ന വീട്ടുകാർ നോക്കിയപ്പോഴാണ് സംഭവമറിയുന്നത്.  തുടർന്നു നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റോപ്പിൽ പതുങ്ങിയിരുന്നയാളെ കണ്ടെത്തി. തുടർന്നു ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചു. ലഹരിയിൽ അബോധാവസ്ഥയിൽ സംഭവിച്ചതാണെന്നായിരുന്നു പറഞ്ഞത്.
സംശയം തോന്നിയയാളെ പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

എന്നാൽ ഇയാൾ മാനസിക വെല്ലുവിളി  നേരിടുന്നയാളാണെന്നും രണ്ടു വർഷം മുമ്പ് പുതുക്കാട് സ്വദേശിയായ തഹസിൽദാറിൻ്റെ കാർ കത്തിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ജോജു പുതുക്കാട് പോലീസിൽ പരാതി നൽകി. 

ജോജു രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കേ പേഴ്സണൽ സെക്രട്ടറിയായിരുന്നു. ജോജുവിൻ്റെ ഭാര്യ ഷൈനി ഇപ്പോൾ പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്.

Leave A Comment