ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡിനായുള്ള നെട്ടോട്ടത്തില്‍
കൊച്ചി: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആശുപത്രികള്‍ക്ക് മുന്നില്‍ ഹെല്‍ത്ത് കാര്‍ഡിനായി നീണ്ട ക്യു. കാര്‍ഡെടുക്കാന്‍ ഏഴ് ദിവസം മാത്രമാണുള്ളത്. ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരുമായി ഹെല്‍ത്ത് കാര്‍ഡിനായി ഡിസ്‌പെന്‍സറികള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുകയാണ് ഉടമകള്‍. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ഥാപനം അടയ്ക്കേണ്ടിവരും.
പകര്‍ച്ചവ്യാധികളൊന്നുമില്ലെന്ന് രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നാണ് വ്യവസ്ഥ. പുലര്‍ച്ച ആറ് മുതല്‍ തന്നെ ഡിസ്‌പെന്‍സറികള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന. നിയമപ്രകാരം ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
ജീവനക്കാരന് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് പിഴ. ഒപ്പം അടച്ചുപൂട്ടലും. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി. കാലാവധി കഴിഞ്ഞവരും പുതുക്കാനുള്ള തിരക്കിലാണ്. ഹോട്ടലില്‍ ഭക്ഷണവുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണമെന്നാണ് നിബന്ധന. ഫിസിക്കല്‍ പരിശോധനയാണ് പ്രധാനമായും ഡോക്ടര്‍മാര്‍ നടത്തുന്നത്. കണ്ണ്, വായ, ത്വക്ക് എന്നിവ പരിശോധിക്കും. കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകൾ എടുത്തിട്ടുണ്ടോ എന്നതും ആവശ്യമെങ്കില്‍ പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവയും നടത്തും. ശേഷമാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നത്. ഡിസ്‌പെന്‍സറിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.
Leave A Comment