ഗുരുവായൂരില്‍ വൈശാഖ മാസാചരണം തുടങ്ങി
ഗുരുവായൂര്‍: ക്ഷേത്രത്തല്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായി. ഇതോടെ ദർശനത്തിന് പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. വൈശാഖ ആരംഭദിനമായ വെള്ളിയാഴ്ചയും അക്ഷയ തൃതീയ ദിനമായ ഇന്നലെയും വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. തിരക്കേറിയതോടെ ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിലേക്ക് കടത്തിവിട്ടാണ് ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
രണ്ടു ദിവസങ്ങളിലായി 1.31 കോടിയുടെ വഴിപാടുകളാണ് നടന്നത്. വൈശാഖ ആരംഭ ദിനമായ വെള്ളിയാഴ്ച 60.16 ലക്ഷത്തിന്റെ വഴിപാടുകളാണ് ഭക്തർ നടത്തിയത്. നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനത്തിന് 12 ലക്ഷത്തിലേറെ രൂപ ലഭിച്ചു. അക്ഷയ തൃതീയ ദിനമായ ഇന്നലെ ക്ഷേത്രം കഴകക്കാരുടെ വക ചുറ്റുവിളക്കാഘോഷമായിരുന്നു. രാവിലേയും ഉച്ചതിരിഞ്ഞും മേളത്തിന്റെ അകമ്പടിയിൽ കാഴ്ച ശീവേലിയും രാത്രി വിളക്കെഴുന്നെള്ളിപ്പുമുണ്ടായി.
ഇന്നലെ 71.51 ലക്ഷത്തിന്റെ വഴിപാടുകൾ നടന്നു. 19.64 ലക്ഷം രൂപയുടെ നെയ് വിളക്ക് ദർശനവും 26.54 ലക്ഷത്തിന്റെ തുലാഭാരം വഴിപാടും ഭക്തർ നടത്തി. ഇന്ന് നൂറിലേറെ വിവാഹങ്ങൾ ക്ഷേത്ര സന്നിധിയിൽ നടക്കും. ദർശനത്തിന് പുറമെ വിവാഹത്തിരക്കും കൂടിയാകുന്നതോടെ ക്ഷേത്രനട ഭക്തജനങ്ങളെകൊണ്ട് നിറയും.
ക്ഷേത്രം ആധ്യാത്മിക ഹാളിൽ വൈശാഖ മാസ സപ്താഹം ആരംഭിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വൈശാഖത്തിന്റെ ഭാഗമായുള്ള ഭക്തി പ്രഭാഷണവും തുടങ്ങി. മെയ് 19 നാണ് വൈശാഖമാസ സമാപനം.
Leave A Comment