പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടു പ്രതിസന്ധിയിലാക്കി പെസോയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പുതിയ നിർദേശം. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്തെ വെടിമരുന്നു പുരയ്ക്കു (മാഗസിൻ) സമീപത്തെ താൽക്കാലിക ഷെഡ് പൊളിക്കണമെന്നു പെസോയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം ദേവസ്വങ്ങൾക്കു കത്തു നൽകി. സുരക്ഷാ കാരണങ്ങളാലാണു പൊളിക്കാൻ നിർദേശമെന്നും കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, വർഷങ്ങളായി തൃശൂർ പൂരത്തിനു മാഗസിനോടുചേർന്നു താൽക്കാലിക ഷെഡുമുണ്ട്. തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിലുപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനാണിത്. മാഗസിനിൽ വെടിക്കെട്ടു സമയത്തുമാത്രമാണു കരിമരുന്നെത്തിക്കുന്നത്. സുരക്ഷ ചൂണ്ടിക്കാട്ടി മനപ്പൂർവം പ്രതിസന്ധിയുണ്ടാക്കുന്നെന്നാണു ദേവസ്വങ്ങൾ ആരോപിക്കുന്നത്.
കത്തിനു ദേവസ്വങ്ങൾ രേഖാമൂലം മറുപടി നൽകി. തൊഴിലാളികളുടെ കുടിവെള്ളമടക്കം കരുതുന്ന സ്ഥലമാണെന്നും ഷെഡ് പൊളിച്ച് നീക്കി വെടിക്കെട്ട് നടത്താനാവില്ലെന്നും ദേവസ്വങ്ങൾ കളക്ടറെ അറിയിച്ചു. വെടിക്കെട്ടു നിർത്തിവയ്ക്കാനുള്ള സമ്മതവും ദേവസ്വങ്ങൾ നൽകിയിട്ടുണ്ട്. മുപ്പതിനാണു പൂരം. 28ന് സാന്പിൾ വെടിക്കെട്ട്. മേയ് ഒന്നിനു പുലർച്ചെയാണു പ്രധാന വെടിക്കെട്ട്. വെടിക്കെട്ടു കാണാൻ സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റാനുള്ള ദേവസ്വങ്ങളുടെയും മന്ത്രിമാരുടെയും നിർദേശങ്ങൾക്കു പെസോ ഉദ്യോഗസ്ഥർ വഴങ്ങിയിട്ടില്ല.
Leave A Comment