ചെങ്ങമനാട് 35 ഹെക്ടർ നെൽകൃഷി ഒരുക്കാന്‍ കപ്രശ്ശേരി പാടശേഖര സമിതി
ചെങ്ങമനാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ 35 ഹെക്ടർ നെൽകൃഷി ഒരുങ്ങുന്നു . കപ്രശ്ശേരി , തുരുത്ത്, തേരാട്ടിക്കുന്ന് പാടശേഖരങ്ങളിലാണ് നെൽകൃഷിക്ക് ആരംഭിക്കുന്നത്.
കപ്രശ്ശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കപ്രശ്ശേരി പാടശേഖരത്തിൽ 20 ഹെക്ടറിൽ വിത്ത് വിതച്ച് കഴിഞ്ഞു. നാലു മാസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് പാകമാകുന്ന വെള്ള പൊന്മണി ഇനത്തിലുള്ള വിത്താണ് ഇവിടെ വിതച്ചിരിക്കുന്നത്. തുരുത്ത്, തേരാട്ടികുന്ന് പാടശേഖരങ്ങളിൽ കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തുരുത്ത് പാടശേഖരത്തിൽ ഉമ ഇനം വിത്തും, തേറാട്ടികുന്ന് പാടശേഖരത്തിൽ വെള്ള പൊന്മണി വിത്തുമാണ് വിതയ്ക്കുക.
കർഷകർക്ക് നെല്ല് കൃഷിക്ക് ആവശ്യമായ പ്രവർത്തനങ്ങളുമായി കൃഷി വകുപ്പും പഞ്ചായത്തും ഒപ്പമുണ്ട്. കൃഷിഭവനിൽ നിന്ന് നിലമൊരുക്കലിന് ആവശ്യമായ നീറ്റുകക്ക അടക്കമുള്ള സാധനങ്ങൾ നൽകി വരുന്നു. കൃഷിക്കാവശ്യമായ വിത്ത് വിത്തുല്പാദന കേന്ദ്രത്തിൽ നിന്നാണ് കർഷകർക്ക് ലഭ്യമാക്കുന്നത്.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു ലക്ഷം രൂപ പഞ്ചായത്തും, ഒന്നരലക്ഷം രൂപ ജില്ലാ പഞ്ചായത്തും പാടശേഖരങ്ങളിലെ കൃഷിക്കായി വകയിരുത്തിയിരിക്കുന്നത്.
Leave A Comment