നാലു വർഷം മുമ്പ് ശ്വാസനാളത്തില്‍ കുടുങ്ങിയ എല്ലു കഷണം പുറത്തെടുത്തു
കൊച്ചി: ഒമാന്‍ സ്വദേശിയുടെ ശ്വാസനാളത്തില്‍ നാല് വര്‍ഷം മുന്‍പ് കുടുങ്ങിയ എല്ല് കഷണം പുറത്തെടുത്ത് രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിന്റെ ശ്വാസനാളത്തില്‍ നിന്നാണ് എല്ല് നീക്കം ചെയ്തത്.
കഴിഞ്ഞ നാലു വര്‍ഷമായി വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളുമായി കഴിയുകയായിരുന്നു 71കാരനായ സലീം. കഴുത്ത് അനക്കുമ്പോള്‍ വേദനയും ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും മൂലം ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളില്‍ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. കഴിഞ്ഞ നാലിനാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. സിടി സ്കാന്‍ പരിശോധനയിൽ, വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നില്‍ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി വ്യക്തമായി.
ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിന്റെ കഷണങ്ങള്‍ നീക്കം ചെയ്യുകയും ശ്വസനപ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു. ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ആര്. ദിവ്യ, ഡോ. ജ്യോത്സ അഗസ്റ്റിന്, ഡോ. മെല്‍സി ക്ലീറ്റസ് എന്നിവരും ചികിത്സയില്‍ പങ്കാളികളായി. ശ്വാസകോശ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.
Leave A Comment