ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന ഇന്ന് പൂർത്തിയാകും
തൃശൂർ: ജില്ലയിൽ യന്ത്രവത്കൃത ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും രണ്ടാംഘട്ട ഭൗതികപരിശോധന തുടങ്ങി. അഴീക്കോട് ഫിഷറീസ് സ്റ്റേഷനു കീഴിൽ ജില്ലയിലെ ഫിഷറീസ് ഉദ്യേഗസ്ഥരെ ഉൾപ്പെടുത്തി അഞ്ചു ടീമുകളായി തിരിച്ചാണ് യാനങ്ങളുടെ രണ്ടാംഘട്ട പരിശോധന നടത്തുന്നത്.റിയൽ ക്രാഫ്റ്റ് സോഫ്റ്റ്വെയർ വഴിയാണ് മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത്. റിയൽ ക്രാഫ്റ്റ് സോഫ്റ്റ് വെയറിന്റെ ഫ്ളീറ്റിൽ യഥാർഥത്തിലുള്ളതിനേക്കാൾ കൂടുതൽ എണ്ണം യാനങ്ങളാണ് കാണിക്കുന്നത്. ഇത് വിവിധ പദ്ധതി നിർവഹണത്തിനും തീരസുരക്ഷക്കും തടസമാകുന്നതിനാൽ സംസ്ഥാനത്ത് തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിഹരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് യാനങ്ങളുടെ യഥാർഥ എണ്ണം കണക്കാക്കുന്നതിന് പരിശോധന നടത്തുന്നത്. ചേറ്റുവ, മുനക്കകടവ് ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന ചേറ്റുവ ഹാർബർ, മുനക്കകടവ് ഹാർബർ, വിവിധ യാർഡുകൾ എന്നീ സ്ഥലങ്ങളിൽവച്ച് പൂർത്തിയാക്കി.
ജില്ലയിലെ യാനങ്ങളുടെ ഇന്നു നടക്കുന്ന രണ്ടാംഘട്ട ഭൗതിക പരിശോധനയോടുകൂടി ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതികപരിശോധന പൂർത്തിയാകും. രാവിലെ 9.30 മുതൽ 3.30 വരെയാണ് പരിശോധന.
ഇത്തരത്തിൽ ഭൗതിക പരിശോധന നടത്തി മാത്രമേ യന്ത്രവൽകൃത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ ഇറക്കാവൂ എന്നും എല്ലാ ബോട്ടുടമകളും പരിശോധനയുമായി സഹകരിക്കണമെന്നും തൃശൂർ ജില്ല ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ എം.എൻ. സുലേഖ അറിയിച്ചു.
Leave A Comment