'മന്ത്രി പോകുന്ന വഴിയിൽ നീ എന്തിന് വന്നു', പോലീസ് ആംബുലൻസ് ഡ്രൈവറോട്
കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ആംബുലൻസ് ഡ്രൈവർ നിതിൻ. കേസ് കൊടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാർ അധിക്ഷേപിച്ചു സംസാരിച്ചുവെന്നാണ് നിതിൻ ആരോപിക്കുന്നത്.
സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ നീ ഓടിക്കുന്നതെന്നും ഇതെടുത്ത് കുപ്പത്തൊട്ടിയിൽ കളയാനും പോലീസുകാർ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നെന്നും അവർ ചോദിച്ചു.
ആംബുലൻസ് കടത്തിവിട്ടത് സിഗ്നൽപ്രകാരമാണ്. ഹോംഗാർഡാണ് കടന്നുപോകാൻ കൈകാണിച്ചതെന്നും നിതിൻ പറഞ്ഞു. കേസിൽ തന്നെ പ്രതിയാക്കാനാണ് പോലീസ് നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപകടത്തിന് കാരണം പൈലറ്റ് വാഹനമെന്ന് ആംബുലൻസിൽ സഞ്ചരിച്ചിരുന്ന രോഗിയുടെ ഭർത്താവും പറഞ്ഞു. സംഭവശേഷം മന്ത്രി ശിവൻകുട്ടി സ്വന്തം കാര്യം നോക്കിപോയി. അടുത്തേക്ക് വരാനുള്ള മനസ് പോലും അദ്ദേഹം കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment