മുള്ളൂർക്കരയിൽ കാട്ടാനയെ കുഴിച്ചുമൂടിയ സംഭവം: ഒരാൾ പിടിയിൽ
തൃശൂർ: മുള്ളൂർക്കര വാഴക്കോട്ട് കാട്ടാനയെ കുഴിച്ചുമൂടിയ കേസിൽ ഒരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയൻ ആണ് പിടിയിലായത്. ആനക്കൊന്പ് വിൽക്കാൻ കൊണ്ടുപോയ അഖിലിന്റെ സംഘാഗംമാണ്.മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു. ജഡത്തിന് രണ്ടു മാസത്തോളം പഴക്കമുണ്ടെന്നാണു പ്രാഥമിക വിവരം.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിലാണ് രാവിലെ പരിശോധന നടത്തിയത്. കേസിൽ ഒട്ടേറെപ്പേർ പ്രതികളാണെന്നാണു സൂചന. വനംവകുപ്പിനെ അറിയിക്കാതെ, ഷോക്കേറ്റ ആനയെ കുഴിച്ചു മൂടിയതു വലിയ നടപടികൾക്കു വഴിയൊരുക്കും. പന്നിക്കു വച്ച വൈദ്യുതിക്കെണിയിലാണ് ആന അകപ്പെട്ടതെന്നും സംശയിക്കുന്നു.
രണ്ടാഴ്ചമുമ്പ് പെരുമ്പാവൂരിനടുത്ത കോടനാട്ടുനിന്ന് ആനയുടെ ഒരു കൊമ്പുമായി ഒരാളെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെ വനംവകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിനു ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Leave A Comment