കൊട്ടാരക്കരയിൽ ജനസാഗരം; കടത്തിവിടണമെന്ന് അഭ്യർഥിച്ച് നേതാക്കൾ
കൊല്ലം: ജനസാഗരത്തിൽ മീനെന്നപോലെ കഴിഞ്ഞ പ്രിയ നേതാവിനെ അന്ത്യയാത്രയിലും പൊതിഞ്ഞ് ആൾക്കൂട്ടം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര കൊട്ടാരക്കര കടക്കാനെടുത്തത് മണിക്കൂറുകൾ. അക്ഷരാർഥത്തിൽ കൊട്ടാരക്കരയിൽ പ്രിയ നേതാവിനെ കാണാൻ ജനസാഗരം തടിച്ചുകൂടി.ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള പുഷ്പാലംകൃത വാഹനം ഏറെപണിപ്പെട്ടാണ് ജനക്കൂട്ടത്തെ വകഞ്ഞ് മുന്നോട്ടുനീങ്ങിയത്. മെയിൻ സെൻട്രൽ (എംസി) റോഡ് കൈയേറി ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നു. ആളുകളെ കടന്ന് വാഹനം മുന്നോട്ടുപോകാൻ കഴിയാതെ നിർത്തിയിടേണ്ടിവന്നു.
പോലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്പോൾ ജനം ബസിന്റെ ചില്ല് ജനാലയിൽ തട്ടി അലമുറയിട്ടു. ചാണ്ടി ഉമ്മനും നേതാക്കൾക്കും വണ്ടിയുടെ ചില്ലിൽ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യർഥിക്കേണ്ടിവന്നു. പി.സി. വിഷ്ണു നാഥ് എംഎൽഎയും, കൊടിക്കുന്നിൽ സുരേഷ് എംപിയും വാഹനം കടത്തിവടണമെന്ന് ആളുകളോട് അപേക്ഷിച്ചു.
ജനബാഹുല്യത്തെ വകഞ്ഞ് ലോ ഫ്ളോർ എസി ബസ് കൊട്ടാരക്കരയെ മറികടക്കുന്പോൾ അവിടെ മാത്രം മണിക്കൂറുകൾ പിന്നിട്ടിരുന്നു. വിലാപയാത്ര ഇതിനകം 12 മണിക്കൂർ പിന്നിട്ടു. 12 മണിക്കൂറില്‍ 72 കിലോമീറ്റര്‍ മാത്രമാണ് പിന്നിടാനായത്. കനത്തമഴയും വെയിലും മറന്നായിരുന്നു ജനങ്ങള്‍ ആദരവും സ്നേഹവും അര്‍പ്പിച്ചത്. തലസ്ഥാനത്തിന്റേയും തിരുവനന്തപുരം ജില്ലയുടേയും അളവറ്റ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ബുധനാഴ്ച രാവിലെ ഏഴിന് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ജഗതിയിലെ വീട്ടില്‍നിന്നാരംഭിച്ച് നഗര വീഥികള്‍ പിന്നിട്ടത്.
Leave A Comment