വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാർ സമരത്തിൽ
തൃശൂർ: പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി. ഇരുന്നൂറിലേറെ ജീവനക്കാർക്ക് ശന്പളവും ആനുകൂല്യങ്ങളും നൽകാതെയാണ് അടച്ചുപൂട്ടൽ. തൊഴിൽ നിയമങ്ങൾ കാറ്റിൽപറത്തി ആശുപത്രി പൂട്ടിയതിനെതിരേ ജീവനക്കാർ സമരം തുടങ്ങി.
അഞ്ചുവർഷമായി സാന്പത്തിക പ്രതിസന്ധിയിലാണെന്നും ജൂലൈ 31ന് ആശുപത്രി അടച്ചുപൂട്ടുകയാണെന്നും ചൂണ്ടിക്കാട്ടി ജൂലൈ 19ന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ആനുകൂല്യങ്ങൾ ഒന്പതു മാസത്തിനകം തീർക്കാമെന്നു നോട്ടീസിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജൂലൈയിലെ ശന്പളം നൽകിയിട്ടില്ല. ഇന്നലെ ജീവനക്കാരെത്തിയപ്പോൾ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതോടെയാണ് ജീവനക്കാർ സമരം തുടങ്ങിയത്.
അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ലേബർ ഓഫീസർക്കു പരാതി നൽകിയിരുന്നെന്നു ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച നടന്ന ചർച്ചയിൽ സ്ഥാപനം പൂട്ടുന്നതിനു നടപടിക്രമം പാലിച്ചില്ലെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടി. സ്ഥാപനം പാട്ടത്തിനു നൽകുന്നെന്നാണ് ഉടമകളുടെ പ്രതിനിധികൾ പറഞ്ഞു.
നിലവിലുള്ളവരെ തുടർന്നും നിയോഗിക്കണമെന്നു ജീവനക്കാർ ആവശ്യപ്പെട്ടതോടെ ഇക്കാര്യം പരിഗണിക്കാതെ പൂട്ടരുതെന്നു ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ, ഇന്നലെ ആശുപത്രി പൂട്ടി.
ആശുപത്രി ആരംഭിച്ചപ്പോൾമുതൽ ജോലിയുള്ളവരുണ്ടെന്നും മറ്റു സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും വരുമാനം പ്രതീക്ഷിച്ചു വാങ്ങിയ വായ്പകളും മറ്റും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ജീവനക്കാർ പറഞ്ഞു.
Leave A Comment