ലഹരി പരിശോധനയ്ക്ക് എക്സൈസ്; ബ്ലാക്ക് സ്പോട്ട് നിരീക്ഷിക്കാന്‍ പോലീസ്
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കുന്നു. തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ സാധ്യത കണക്കിലെടുത്ത് 24 മണിക്കൂറും പോലീസ് നിരീക്ഷണവും നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസും എക്സൈസും സംയുക്തമായി പ്രത്യേക പരിശോധന നടത്താന്‍ മന്ത്രി പി. രാജീവ് ഉദ്യോസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതോടൊപ്പം ലഹരിക്കെതിരായ ബോധവത്കരണവും വ്യാപകമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കും. ഇതിനോടനുബന്ധിച്ച് അടുത്ത ദിവസം ആലുവയില്‍ ജനപ്രതിനിധികളുടെ യോഗം ചേരും.
അതിഥി തൊഴിലാളികള്‍ കൂടുതലുള്ള ആലുവ, പെരുമ്പാവൂര്‍ മേലകളില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്കു സാധ്യതയുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഈ സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് പോലീസ് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെയാകെ കുറ്റവാളികളായി കാണേണ്ടതില്ലെന്നും അവരില്‍ ചെറിയൊരു വിഭാഗമാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും വിവിധ വകുപ്പുകളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
തൊഴില്‍ വകുപ്പ്, പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ നേതൃത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി മാസ് ഡ്രൈവ് നടത്തും. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നത് നഗരസഭയില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടിയും സ്വീകരിക്കും.
കുട്ടികള്‍ക്ക് ഡേ കെയര്‍
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ചു തന്നെ ഡേകെയര്‍ ക്രമീകരിക്കുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. ക്രഷ് ആവശ്യമായ ഇടങ്ങളില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Leave A Comment