നഴ്സുമാരുടെ സമരം: കളക്ടർ ഏഴുദിവസം സാവകാശം തേടി
തൃശൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സൂചനാ സമരം ഒത്തു തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻഎ പ്രതിനിധികളുമായി കളക്ടര്‍ ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിനായി ഇരുകൂട്ടരോടും ജില്ലാ കളക്ടര്‍ ഏഴു ദിവസത്തെ സാവകാശം തേടി.
കൈപ്പറമ്പ് നൈൽ ആശുപത്രി എം ഡി ഡോ. അലോക് ലേബർ ഓഫീസിൽ വച്ച് നഴ്സുമാരെ മർദിച്ച സംഭവത്തിൽ ഒരാഴ്ചയ്ക്കകം ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യുഎൻഎ ദേശീയ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.
ആശുപത്രിയിലെ നഴ്സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ടസംഭവത്തിൽ ഇരു കൂട്ടരും പരാതി നൽകിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിന് ഏഴു ദിവസത്തെ സമയം വേണമെന്നും കളക്ടർ യുഎൻഎ പ്രതിനിധികളോട് ആവശ്യപ്പെട്ടു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് പരാതി നേരിട്ട് അന്വേഷിക്കും.
പത്താം തീയതിക്കുള്ളിൽ ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ സ്തംഭിപ്പിച്ച് സമ്പൂർണ പണിമുടക്ക് നടത്തുമെന്നും നഴ്സുമാരെ മർദിച്ച ആശുപത്രി എംഡിക്കെതിരെ നടപടിയെടുക്കാതെ സർക്കാർ നിഷ്ക്രിയ പുലർത്തുകയാണെന്നും ജാസ്മിൻ ഷാ പറഞ്ഞു. കഴിഞ്ഞമാസം 27നാണ് നൈൽ ആശുപത്രിയിലെ ആറു ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ആശുപത്രി എംഡിയും നഴ്സുമാരും തമ്മിൽ ചർച്ച നടന്നത്.
ഇതിനിടയിലാണ് ഡോ. അലോക് ഗർഭിണിയായ നഴ്സ് ഉൾപ്പെടെയുള്ളവരെ മർദിച്ചത്.ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു ദിവസമായി നഴ്സുമാർ സുചനാ സമരം നടത്തി വരികയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസംഗത അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment