തൃശൂർ പുലിക്കളിക്ക് ടൂറിസം വകുപ്പ് ധനസഹായം പ്രഖ്യാപിച്ചു
തൃശൂർ: നാലാം ഓണനാളിലെ പുലിക്കളി ഗംഭീരമാക്കാൻ ടൂറിസം വകുപ്പ് രണ്ടര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവയുടെ സംരക്ഷണവും നിലനിർത്തലും പരിപോഷണവും എന്ന ശീർഷകത്തിൽ നിന്നും പുലിക്കളിയിൽ പങ്കെടുക്കുന്ന സംഘം ഒന്നിന് 50,000 രൂപ വീതമാണ് നൽകുക. അരമണി കുലുക്കി മേളത്തിനൊത്ത് ചുവടുവച്ച് നഗരത്തിലെ സ്വരാജ് റൗണ്ട് കീഴടക്കുന്ന മനുഷ്യപ്പുലികളുടെ നൃത്തോത്സവം പതിനായിരങ്ങൾക്ക് ഹരം പകരും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കോർപറേഷനാണ് പുലിക്കളി സംഘടിപ്പിക്കുന്നത്.
കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ, ശക്തൻ, സീതാറാം മിൽ ലൈൻ എന്നിവയാണ് സംഘങ്ങൾ.
സെപ്റ്റംബർ ഒന്നിനാണ് ഇത്തവണത്തെ പുലിക്കളി.
ഉത്രാടനാളിൽ വൈകീട്ട് നാലിന് ശക്തൻ ഗോൾഡൻ ഫ്ളീ മാർക്കറ്റിൽ പുലിച്ചമയ പ്രദർശനവും നടക്കും. കോർപറേഷൻ ഓരോ ടീമിനും രണ്ടര ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്.
Leave A Comment