അഷ്ടമി രോഹിണി: ഗുരുവായൂർ ക്ഷേത്ര സന്നിധി ആഘോഷത്തിമർപ്പിൽ
ഗുരുവായൂർ: ക്ഷേത്രസന്നിധി ആഘോഷ തിമർപ്പിലാണ്. അഷ്ടമിരോഹിണിദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരുനോക്കുകണ്ട് അനുഗ്രഹംവാങ്ങാൻ പതിനായിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങളും ക്ഷേത്ര സന്നിധിയിലെത്തിച്ചേരും.
ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാവും. രാവിലെ കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മേളവും ഉച്ചതിരിഞ്ഞ് കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യമാണ്.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയും നല്‍കും. 30,000 പേർ സദ്യയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. രാവിലെ ഒൻപതു മുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷമി ഹാളിലും തെക്കു ഭാഗത്തെ പന്തലിലുമാണ് സദ്യ നല്‍കുക. ഉച്ചക്ക് രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്ക് സദ്യ നൽകും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതൽ കലാപരിപാടികൾ അരങ്ങേറും. രാത്രി 7.30ന് എം.ജി. ശ്രീകുമാറിന്റെ ഭക്തിഗാനമേളയാണ്.
വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം മന്ത്രി പി. രാജീവ് സമ്മാനിക്കും. രാത്രി കൃഷ്ണനാട്ടത്തിലെ അവതാരം കളിയും അരങ്ങേറും. രാവിലെ ഒൻപതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
Leave A Comment