മാള ഉപജില്ല കായികമേള നടത്തിപ്പിൽ ഗുരുതര വീഴ്ച്ച; പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയില്ല
ചാലക്കുടി: മാള ഉപജില്ലാ കായികമേള നടത്തിപ്പിൽ ഗുരുതര വീഴ്ച്ച. 200 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി ഫിനിഷ് പോയന്റിൽ കുഴഞ്ഞ് വീണപ്പോൾ കുട്ടിക്ക് അടിയന്തിര വൈദ്യസഹായം എത്തിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതായാണ് പരാതി. ബോധരഹിതയായ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകാനോ, വൈദ്യസഹായം നൽകാനോ,മെഡിക്കൽ ഓഫീസേഴ്സിന്റേയോ, സ്റ്റാഫ് നേഴ്സിന്റേയോ സഹായമോ, ആശുപത്രിയിലേക്ക് എത്തിക്കൻ ആംബുലൻസ് സൗകര്യങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അത്യധികം അപകടാവസ്ഥയിലായിരുന്ന കുട്ടിയെ അതേ സ്കൂളിന്റെ അദ്ധ്യാപകന്റെ കാറിലാണ് ചാലക്കുടി ഗവ.താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചത്.
അവിടെ നിന്നും വിദ്യാർത്ഥിനിയെ വിദഗ്ദ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ഐ സി യുവിൽ തുടരുകയാണ്.
പ്രാഥമികചികിത്സാ സൗകര്യം പോലും ഇല്ലാതെ കായിക മേള നടത്തുന്നതിനെതിരെ അധ്യാപകർക്കിടയിൽ നിന്ന് സംഘാടകർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉണ്ടായത്. എന്നാൽ തൊടുന്യായങ്ങൾ അവതരിപ്പിച്ചു പ്രശ്നത്തെ ഒതുക്കി തീർക്കാനാണ് ഒരു വിഭാഗം സംഘാടകരുടെ ശ്രമം.
വിഷയത്തിൽ സ്കൂൾ അധികൃതർ ഉന്നത കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
Leave A Comment