ജില്ലാ വാർത്ത

മകള്‍ക്ക് പേരിടാന്‍ സ്വരച്ചേര്‍ച്ചയില്ലാതെ ദമ്പതിമാര്‍: പേരിട്ട് ഹൈക്കോടതി

കൊച്ചി: നാലുവയസ്സുകാരിക്ക് പേരിടുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് യോജിപ്പിലെത്താനാകാത്തതിനാല്‍ ഹൈക്കോടതിതന്നെ കുട്ടിക്ക് പേരിട്ടു. വേര്‍പിരിഞ്ഞുകഴിയുന്ന ദമ്പതിമാര്‍ക്കാണ് മകള്‍ക്ക് പേരിടുന്ന കാര്യത്തിലും സ്വരച്ചേര്‍ച്ചയില്ലാതായത്. കുടുംബകോടതി ഇടപെട്ടിട്ടും തീര്‍പ്പുണ്ടാകാത്തതിനാലാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ് 'പേരന്റ്‌സ് പാട്രിയ' എന്ന അധികാരം വിനിയോഗിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കുട്ടിക്ക് പേരിട്ടത്. അമ്മ നിര്‍ദേശിച്ച പേരിനോടൊപ്പം അച്ഛന്റെ പേരും ചേര്‍ത്തു.

'പേരന്റ്‌സ് പാട്രിയ' എന്ന അധികാരം ഉപയോഗിക്കുമ്പോള്‍ കുട്ടിയുടെ താത്പര്യമാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനനസര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പേരില്ലാത്ത ജനനസര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചില്ല. പേരുചേര്‍ക്കാന്‍ അമ്മ രജിസ്ട്രാറെ സമീപിച്ചെങ്കിലും മാതാപിതാക്കള്‍ രണ്ടുംപേരും ഹാജരാകണമെന്ന് നിര്‍ദേശിച്ച് മടക്കുകയായിരുന്നു. അമ്മ കുടുംബകോടതിയെ സമീപിച്ചതോടെ മാതാപിതാക്കള്‍ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകാന്‍ കുടുംബകോടതി നിര്‍ദേശിച്ചു. അത് പാലിക്കപ്പെട്ടില്ല. പുതിയ പേരുകാണിച്ച് ഹര്‍ജിക്കാരിക്ക് ജനന സര്‍ട്ടിഫിക്കറ്റിനായി പുതിയ അപേക്ഷ നല്‍കാം.

Leave A Comment