ജില്ലാ വാർത്ത

കരുവന്നൂർ കേസിലെ പ്രതികളെ ജയിൽ മാറ്റി ഒരുമിച്ച് പാർപ്പിക്കുന്നതെന്തിന്?: കോടതി

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും ഒരുമിച്ച് പാർപ്പിക്കുന്നതിൽ ജയിൽ അധികൃതരോട് കോടതി  വിശദീകരണം തേടി. പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും സബ് ജയിലിൽ നിന്ന് മുഖ്യ പ്രതികളുള്ള എറണാകുളം ജില്ല ജയിലിലേക്ക് മാറ്റിയതിൽ ഇഡി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കോടതി ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് കൊച്ചി ഓഫീസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരനുമായിരുന്ന ജീൽസും ആദ്യം റിമാൻഡിലായത് എറണാകുളം സബ് ജയിലിലേക്ക്. എന്നാൽ പിന്നീട് ഇവരെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി സതീശനെയും തട്ടിപ്പിലെ ഇടനിലക്കാരൻ പി പി കിരണിനെയും പാർപ്പിച്ചിരിക്കുന്നതും ഇവിടെയാണ്. കേസിലെ പ്രധാന പ്രതികളായ നാലുപേരെയും ഒരേ ജയിലിൽ ആക്കിയതിലാണ് ഇഡി കോടതിയിൽ അതൃപ്തി അറിയിച്ചത്. കോടതിയേയോ അന്വേഷണ ഏജൻസിയേയോ മുൻകൂർ അറിയിക്കാതെയാണ് ജയിൽ മാറ്റമെന്നും എൻഫോഴ്സ്മെന്‍റ്  ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഇക്കാര്യം പരിഗണിച്ച കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടി.

Leave A Comment