രാത്രി വെെകി റീ കൗണ്ടിങ്, അട്ടിമറിക്കാൻ നിർദേശംനൽകിയത് ഉന്നതരെന്ന് ; KSU ഹെെക്കോടതിയിലേക്ക്
തൃശ്ശൂർ: കേരളവർമ കോളേജ് തിരഞ്ഞെടുപ്പ് റീ കൗണ്ടിങിനെതിരെ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നിർദേശം നൽകിയെന്നാണ് ആരോപണം. രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐയെ വിജയിപ്പിച്ചത് ഉന്നത നിർദേശ പ്രകാരമെന്നും കെ.എസ്.യു ആരോപിക്കുന്നു. ആദ്യ കൗണ്ടിങ്ങിൽ കെ.എസ്.യു. സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ, കെ.എസ്.യു.വിന്റെ ആഹ്ലാദപ്രകടനങ്ങൾക്കിടെ എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. ഉന്നതങ്ങളിൽനിന്നുള്ള ഫോൺവിളിയെത്തുടർന്ന് വീണ്ടും എണ്ണുകയായിരുന്നെന്നാണ് പരാതി. എന്നാൽ, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണൽ നിർത്തിവെച്ചു.രണ്ടാമത് എണ്ണിയപ്പോൾ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാർഥി അനിരുദ്ധന് ജയം. ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വിഷയം പുറത്തുവന്നതോടെ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണ് ഇതിന് കൂട്ടുനിന്നതെന്നും സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല മഹനീയമായ അധ്യാപന ജോലിയെന്നും സതീശൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു
Leave A Comment