ജില്ലാ വാർത്ത

കൊരട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില അതീവ ഗുരുതരം

ചാലക്കുടി: ദേശീയപാത കൊരട്ടി ജെടിഎസ് ജങ്ഷനില്‍ കാറുകള്‍ കൂട്ടിയിടച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരം. ചെറുതുരുത്തി സ്വദേശികളായ അബ്ബാസ്(21), പാഷീര്‍(23), അഖില്‍(21), സൈനുബ്ദീന്‍(20), മുസ്താഖ്(25), പൂലാനി സ്വദേശി ബിസ്മി മാത്യു(41), രാജേഷ്(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അബ്ബാസ്, അഖില്‍, സൈനുബ്ദീന്‍ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പാഷിര്‍, ബിസ്മി, മുസ്താഖ് എന്നിവര്‍ കറുകുറ്റി സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. രാജേഷ് പ്രാഥമിക ചികിത്സ നേടി ആശുപത്രി വിട്ടു.

ഞായര്‍ പകലാണ് സംഭവം. ചെറുതുരുത്തിയില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാനായി വന്ന സംഘം സഞ്ചരിച്ച സിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. അങ്കമാലിയില്‍ നിന്നും വന്ന ഫോര്‍ച്ചൂണര്‍ കാര്‍ ജെടിഎസ് ജങ്ഷനില്‍ യൂ ടേണ്‍ എടുത്ത് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച സിഫ്റ്റ് കാറിടിച്ച് തെറിപ്പിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഫിറ്റ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് അങ്കമാലി ഭാഗത്തേക്കുള്ള ദേശീയപാതയില്‍ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Leave A Comment