ജില്ലാ വാർത്ത

കേച്ചേരിയിൽ നടക്കുന്ന കുന്ദംകുളം ഉപജില്ല കലോത്സവത്തിന് ഇടയിൽ സംഘർഷം

തൃശ്ശൂര്‍: കേച്ചേരിയില്‍ നടക്കുന്ന കുന്നംകുളം ഉപജില്ല കലോത്സവത്തിനിടെ സംഘര്‍ഷം. ഒരു വിഭാഗം ആളുകള്‍ സ്‌റ്റേജിലെ മൈക്കും, സാധന സാമഗ്രികളും അടിച്ച് തകര്‍ത്തു. പോലീസ് ലാത്തിവീശി. ഒരു വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ഉപജില്ല കലോത്സവത്തിന്‍റെ പ്രധാന വേദിയിലായിരുന്നു സംഘര്‍ഷം. നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം വട്ടപാട്ട് മത്സരഫലത്തെ ചൊല്ലിയും തര്‍ക്കവും, സംഘര്‍ഷവും നടന്നിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍  തര്‍ക്കമുന്നയിച്ചവരോട് പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ ആവശ്യപ്പെടുകയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നംകുളം പോലീസിന്‍റെ  സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരെ സ്‌കൂള്‍ അങ്കണത്തിൽ  നിന്നും മാറ്റിയിരുന്നു. 

തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരം പുനരാരംഭിച്ചത്. ഇതിന് ശേഷം നടന്ന ദഫ്മുട്ട് മത്സരം പൂര്‍ത്തിയായതോടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. സമാധാന അന്തരീക്ഷം തകര്‍ന്നതോടെ പോലീസ് ലാത്തി വീശി.  ഒരു വിദ്യാര്‍ത്ഥിക്ക് സാരമായും പത്തോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ മൈക്കും, സ്പീക്കറും, മറ്റ് സാധനസാമഗ്രികളും ഒരുവിഭാഗം തല്ലി തകര്‍ത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Comment