കരിങ്കൊടി കാണിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാർക്ക് കോടതിയിൽ ജാമ്യം
കൊച്ചി: എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. സർക്കാർ പെലീസിനെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദങ്ങൾ പൊളിഞ്ഞുവെന്ന് നേതാക്കൾ പ്രതികരിച്ചു. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും, ജാമ്യം കിട്ടിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാത്രി വൈകിയും എം പി ഹൈബി ഈഡന്‍, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ് എന്നിവർ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് കുത്തിയിരുന്നിരുന്നു. നവകേരള സദസിനെതിരെ ശക്തമായ സമരം ഇന്നുണ്ടാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നവകേരള സദസിന് അന്ത്യകൂദാശ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയച്ചതോടെ ഈ സമരം അവസാനിച്ചതായ ഹൈബി ഈഡൻ എംപി അറിയിച്ചു.
Leave A Comment