ജില്ലാ വാർത്ത

കുട്ടിക്കർഷകരെ ചേർത്തുപിടിച്ച് നാടും സർക്കാരും, വിവിധയിടങ്ങളിൽ നിന്നും സഹായപ്രവാഹം

ഇടുക്കി: ഇടുക്കി വെളളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുടുംബത്തിന് നിരവധി മേഖലകളിൽ നിന്നാണ് സഹായ ഹസ്തമെത്തിയത്. ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു. പശു വളർത്തൽ കൂടുതൽ ഊർജിതമായി നടത്തുമെന്ന് മാത്യു പറഞ്ഞു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും കുട്ടിക്കർഷകരായ മാത്യുവിനെയും ജോർജുകുട്ടിയെയും കുടുംബത്തെയും കാണാൻ വീട്ടിലെത്തിയിരുന്നു. ഒരാഴ്ചക്കുളളിൽ 5 പശുക്കളെ ഇൻഷുറൻസ് പരിരക്ഷയോടെ മാത്യുവിന് നൽകുമെന്ന് മന്ത്രി അറിയിച്ചു. മിൽമയുടെ ഭാ​ഗത്ത് നിന്ന് 45000 രൂപ സഹായവും കുടുംബത്തിന് ലഭിച്ചു. നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. 

കൂടാതെ ഒരു പശുവിനെ നൽകുമെന്ന് മുൻമന്ത്രി പി ജെ ജോസഫ് അറിയിച്ചു. നാട്ടുകാരുടെയും മാത്യു പഠിക്കുന്ന സ്കൂളിൽ നിന്നും പിന്തുണയും സഹായവും അറിയിച്ചിട്ടുണ്ട്. നടൻ ജയറാം കുട്ടിക്കർഷകർക്ക് സഹായവുമായി ഇന്ന് വീട്ടിലെത്തിയിരുന്നു. ജയറാമിന്റെ പുതിയ ചിത്രമായ ഓസ്ലറിന്റെ ഓ‍ഡിയോ ലോഞ്ചിനായി മാറ്റിവെച്ച തുക കുട്ടിക്കർഷകർക്കായി അദ്ദേഹം നൽകി. കുടുംബത്തിന് പിന്തുണയുമായി സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും പൃഥ്വിരാജും രം​ഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപ നൽകുമെന്നും പൃഥ്വിരാജ് 2 ലക്ഷം രൂപ നൽകുമെന്നും അറിയിച്ചതായി ജയറാം വെളിപ്പെടുത്തി. 

ഇന്നലെയാണ് കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് മാത്യുവിന്റെ 13 പശുക്കളും ചത്തത്. സംഭവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിൽ മാത്യു ആശുപത്രിയിലായിരുന്നു. ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒരു നാട് മുഴുവൻ ഒന്നിച്ച കാഴ്ചയാണ് ഇന്ന് കേരളം കണ്ടത്.  സഹായം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറയുമ്പോഴും ഓമനിച്ച് വളർത്തിയ പശുക്കൾ ഇല്ലാതായതിന്റെ സങ്കടം അവസാനിക്കില്ലെന്ന് ഈ കുടുംബം പറയുന്നു.

Leave A Comment