ജില്ലാ വാർത്ത

തൃശൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ളത് ലൂസേഴ്‌സ് ഫൈനൽ: മന്ത്രി രാജൻ

തൃശൂർ: തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന ടി. എൻ.പ്രതാപൻ്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി കെ.രാജൻ തൃശൂരിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് കണ്ണ് പൊട്ടൻമാർക്ക് പോലും അറിയാമെന്ന് മന്ത്രി പ്രതികരിച്ചു.

ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്നത് ലൂസേഴ്‌സ് ഫൈനലാണ്. അത് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ്. ആ മത്സരത്തേക്കുറിച്ചാണോ പ്രതാപൻ പറഞ്ഞതെന്ന് അറിയില്ല. ഇത് കോൺഗ്രസിൻ്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

വി.എസ്.സുനിൽകുമാറിനായി വോട്ടഭ്യർഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെയും മന്ത്രി തള്ളി. സ്ഥാനാർഥിയെ ഉചിതമായ സമയത്ത് പാർട്ടി പ്രഖ്യാപിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

തൃശൂരിൽ സുനിൽകുമാറിന് വേണ്ടി പാർട്ടിയുടെ ഔദ്യോഗികമായ പ്രചാരണം ഉണ്ടായിട്ടില്ല. സുനിൽകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇത്തരം പ്രചാരണം നടത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരണം എങ്ങനെയാണു ണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Comment