ജില്ലാ വാർത്ത

തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തം; ആക്രി കടയ്ക്കാണ് തീ പിടിച്ചത്

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ തീ പിടുത്തം. ദിവാന്‍ജി മൂലയിലെ ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ഒരു പെട്ടി ഓട്ടോ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗിമായും കത്തിനശിച്ചു. രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പട്ടാമ്പി സ്വദേശി സെയ്താലി വാടകകയ്ക്ക് എടുത്ത്  നടത്തുന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.

പറമ്പില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങള്‍ക്കാണ് ആദ്യം തീ പിടിച്ചത്.  തീ പടര്‍ന്നതോടെ ഒരു പെട്ടി ഓട്ടോ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗിമായും, കത്തിനശിച്ചു. നിരവധി ആക്രി സാധനങ്ങളും തള്ളുവണ്ടികളും കത്തി നശിച്ചവയില്‍ പെടും. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്റ്റേഷനിലെ 2 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി 11.30 ഒടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തമിഴ്നാട് സ്വദേശികളായ ജീവനക്കാര്‍ പൊങ്കല്‍ ഉത്സവത്തിന് നാട്ടില്‍ പോയതിനാല്‍ സംഭവ സമയത്ത് സ്ഥാപനത്തില്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് നിരവധി വാഹന വര്‍ക്ക് ഷോപ്പുകളും, സ്ഥാപനങ്ങളും  വീടും ഉള്‍പ്പടെ ഉണ്ട്. ഇവിടേക്ക് തീ പടരാതെ നിയന്ത്രവിധേയമാക്കാന്‍ ഫയര്‍ഫോഴ്സിന് കഴിഞ്ഞതിനാല്‍  വന്‍ ദുരന്തം ഒഴിവായി. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Leave A Comment