തൃശൂരിൽ ബസ് ജീവനക്കാരന്റെ ക്രൂര മർദ്ദനത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
തൃശൂർ: തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബസ് കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ ചികിത്സയിൽ ഇരിക്കെ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശാസ്താ ബസിന്റെ കണ്ടക്ടർ ഊരകം സ്വദേശി രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു. ഏപ്രിൽ രണ്ടിന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശാസ്താ ബസിന്റെ കണ്ടക്ടർ രതീഷാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് കരുവന്നൂർ സ്വദേശിയായ 68 വയസുള്ള പവിത്രൻ മർദ്ദനത്തിന് ഇരയായത്. ഇദ്ദേഹം ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കുകയും അദ്ദേഹത്തെ തള്ളി താഴെ ഇടുകയുമായിരുന്നെന്നാണ് മകൻ പറയുന്നത്. ബസിൽ നിന്നും ഇറങ്ങിയപ്പോൾ പവിത്രൻ കല്ലിൽ തല അടിച്ച് വീണു. തുടർന്ന് കണ്ടക്റ്റർ വീണ്ടും അയാളുടെ തല കല്ലിൽ പിടിച്ച് ഇടിക്കുകയായിരുന്നുവെന്നാണ് മകൻ പറയുന്നത്.
സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടി കണ്ടക്ടറെ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചു. തലയിൽ തുന്നിക്കെട്ടലുകൾ ഉണ്ടായിരുന്നു. മാത്രമല്ല പരിക്ക് ഗുരുതരമായതിനാൽ അടിയന്തിരമായി ഓപ്പറേഷൻ ചെയ്യേണ്ടി വന്നു. ഓപ്പറേഷന് ശേഷം സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് കഴിഞ്ഞ പതിനാലിന് അദ്ദേഹത്തെ എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സക്കെത്തിച്ചു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
നിലവിൽ രതീഷ് റിമാൻഡിൽ കഴിയുകയാണ്. സംഭവത്തിന് ശേഷം പോലീസ് ബസ് പിടിച്ചെടുക്കുകയും രതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ പോവുകയുമായിരുന്നു. അന്ന് കൊലപാതക ശ്രമത്തിനായിരുന്നു റിമാൻഡിൽ പോയതെങ്കിൽ ഇപ്പോൾ ഈ സംഭവത്തോടെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് അറിയുന്നത്. സ്വകാര്യ ബസ് ജീവനക്കാരന്റെ മർദ്ദനത്തിൽ വയോധികൻ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടിരിക്കുന്നത് ദാരുണമായ സംഭവമാണ്. തുടർ നടപടികൾ സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
Leave A Comment