കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച; കോലവും സ്വർണ്ണമാലയും കവർന്നു, ലക്ഷങ്ങളുടെ നഷ്ടം
കൊടകര: കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻ്റെ ഗോപുരത്തിനോട് ചേർന്നുള്ള സ്റ്റോറൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പൂശിയ കോലവും അതിൽ അണിഞ്ഞിരുന്ന സ്വർണ്ണമാലയും കവർന്നു.
ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് മോഷണവിവരം അറിയുന്നത്. ഉടനെ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്ര നടപ്പന്തലിലുള്ള ഭണ്ഡാരത്തിന്റെ താഴ് തകർത്ത് മോഷണം നടത്തിയ ശേഷം മോഷ്ടാവ് ചുറ്റമ്പലത്തിന്റെ വാതിലും തകർത്താണ് അകത്തുകടന്നത്. ശ്രീകോവിലിന്റെ മുൻവശത്തുള്ള രണ്ട് ഭണ്ഡാരവും തകർത്ത് ചില്ലറ പൈസ ഒഴികെ എല്ലാം കവർന്നു. ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്തു കടന്നിരുന്നു. കൂടാതെ ക്ഷേത്രത്തിൻ്റെ ഉപദേവതകളുടെ അടക്കം 5 ഭണ്ഡാരങ്ങൾ തകർക്കുകയും മോഷണം നടത്തുകയും ചെയ്തു. ഒരു ഭണ്ഡാരം തകർക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ സിസിടിവിയുടെ ഡിവിആർ അടക്കം കവർന്നാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. കൊടകര പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment