ജില്ലാ വാർത്ത

സ്വകാര്യ ആശുപത്രിയില്‍ 4 വയസുകാരന്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊണ്ടോട്ടി: മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ നാല് വയസുകാരന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കൊണ്ടോട്ടി പൊലീസ് കേസ് എടുത്തതത്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വായില്‍ മുറിവുമായി എത്തിയ അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ നാലു വായസുകാരനായ മുഹമ്മദ് ഷാസില്‍ മരിച്ചത്. ഡോക്ടര്‍ കുട്ടിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചെന്നും തുടര്‍ന്ന് ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റിയ കുട്ടി മരിച്ചുവെന്നും അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

ഇതിനു പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയത്. കേസില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണത്തില്‍ വ്യക്തത വരു.

കുട്ടി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത മുറുവിനാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Leave A Comment