കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊരട്ടി: പത്ത് ദിവസം മുൻപ് കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസ് എൽസി ദമ്പതികളുടെ മകൻ ആന്റോ (34), ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്.കഴിഞ്ഞ ജൂൺ 22 ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും ലോഡ്‌ജിൽ പോയി വിഷം കുത്തിവച്ച് മരിക്കുകയായിരുന്നു.
ജിസുവിനെ ആശുപത്രിയിൽ നിന്ന് കാണാതായത്തിനെ തുടർന്ന് പോലീസും നാട്ടിൽ നിന്നും ചെന്ന ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് മുറി ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴേക്കും ജീസു മരിച്ചിരുന്നു. രണ്ടു പേരുടേയും മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംസ്ക്‌കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ നടക്കും.
ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് പറഞ്ഞ് ചൊവ്വാഴ്‌ച സഹോദരിക്ക് ആന്റോ വോയിസ് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു. മൂന്ന് വർഷമായി ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ച് മാസങ്ങളായി ആന്റോയും, ഭാര്യ ജിസും അടുത്തള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നും പറയപ്പെടുന്നു.
ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്റോ, നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സണൽ ലോണും, ഗൃഹോപകരണങ്ങളും, മൊബൈലും മറ്റും ലോൺ എടുത്തിരുന്നതായും പണം അടക്കാതെ വന്നപ്പോൾ പണം അടക്കുവാനുള്ള കമ്പനി അധിക്യതരുടെ സമ്മർദ്ദവും ജീവിതം അവസാനിപ്പിക്കുവാൻ കാരണമായി. വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷമായിട്ടും കുട്ടികൾ ഇല്ലായിരുന്നു അതിലുള്ള നിരാശയും, സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.
Leave A Comment