മുളങ്കുന്നത്തുകാവിൽ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം; യുവാവിന് ദാരുണാന്ത്യം
തൃശൂർ: മുളങ്കുന്നത്തുകാവിൽ ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഗോഡൗണിൽ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ആലത്തൂർ വാവുള്ള്യാപുരം അമ്പലക്കാട് മൂച്ചിത്തറ വീട്ടിൽ വേലായുധന്റെ മകൻ 22 വയസുള്ള നിബിൻ ആണ് മരിച്ചത്. ഇന്നലെ രാത്രി 8നായിരുന്നു തീ പടർന്നത്. ഗോഡൗണിനകത്ത് വൈകിട്ട് വെൽഡിങ് ജോലികൾ നടന്നിരുന്നു. ഈ ജോലിക്കിടയിൽ താഴെപ്പതിച്ച തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.
5 പാലക്കാട് സ്വദേശികളാണ് വെൽഡിങ് ജോലി ചെയ്തിരുന്നത്. തീ കെടുത്താനായി വെള്ളം എടുക്കാൻ കമ്പനിക്കകത്തേക്കു പോയതാണ് നിബിൻ തീയിൽ അകപ്പെടാൻ കാരണം. മറ്റു കമ്പനി ജീവനക്കാർ 5നു ജോലി കഴിഞ്ഞ് മടങ്ങിയിരുന്നു. അൻപതിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന സ്‌ഥാപനമാണിത്. ഏഴ് കോടിയോളം രൂപയുടെ പാർട്സുകൾ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം.
Leave A Comment