ജില്ലാ വാർത്ത

ടാറിംഗ് മാലിന്യകുമ്പാരത്തില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

പുതുക്കാട്: പുതുക്കാട് സെന്ററിന് സമീപം ദേശീയപാതയോരത്തെ ടാറിംഗ് മാലിന്യകുമ്പാരത്തില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴക്കുന്നത്ത് വീട്ടില്‍ 28 വയസുള്ള അഭിനന്ദ് ആണ് മരിച്ചത്. ഒല്ലൂര്‍ ആനക്കല്ല് സ്വദേശി 26 വയസുള്ള വിഷ്ണുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പുതുക്കാട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് വടക്കേതൊറവിലുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 

ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിംഗ് മാലിന്യത്തില്‍ ബൈക്ക് ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പുറകില്‍ ഇരുന്ന അഭിനന്ദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനന്ദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കേഫോണ്‍ കരാര്‍ കമ്പനിയുടെ തൃശൂര്‍ സൂപ്പര്‍വൈസര്‍ ആണ് മരിച്ച അഭിനന്ദ്. 

പുതുക്കാട് വടക്കേതൊറവിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. ദേശീയപാതയില്‍ അറ്റക്കുറ്റപ്പണിക്കായി നീക്കം ചെയ്ത ടാറിംഗ് മാലിന്യമാണ് പുതുക്കാട് ഭാഗത്ത് കൂട്ടിയിട്ടിരുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൂട്ടിയിട്ട ഈ മാലിന്യത്തിലാണ് ബൈക്ക് ഇടിച്ച് മറിഞ്ഞത്. വെളിച്ചക്കുറവുള്ള ഈ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചത് അധികൃതരുടെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തൊഴിലാളികളെ എത്തിച്ച് ടാറിംഗ് മാലിന്യ കുമ്പാരം നിരത്തിയിട്ടു. അപകടത്തെ തുടര്‍ന്ന് പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Comment