ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു 4 ലക്ഷം പിഴ ചുമത്തി
അഴീക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥ സംഘം പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയിൽ ഓച്ചൻ തുരുത്ത് ദേശത്ത് അട്ടിപ്പേറ്റി വിട്ടിൽ ബേർണാഡ് ബെന്നിയുടെ ഉടമസ്ഥതയിലുള്ള IND KL04 mm 2408 മേരിമാത എന്ന മത്സ്യബന്ധന ബോട്ടാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.
സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത 6000 കിലോ കിളിമീൻ കണ്ടെടുത്തു. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ: സീമ സി യുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനയും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ സർക്കാർ വിലക്കേർപ്പെടുത്തിയത്.
നിരോധിത വലകൾ ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ പിടിക്കുക. ഇപ്രകാരം ചെയ്യുന്നത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മത്സ്യ ലഭ്യത കുറയുന്നതിന് കാരണമാക്കുന്നുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാലിത്തീറ്റ കമ്പനികളിലേക്കും ടൂത്ത് പേസ്റ്റും സൗന്ദര്യവർദ്ധകവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളിലേക്കും ആണ് വ്യാപകമായി ചെറുമത്സ്യങ്ങൾ കയറ്റി പോകുന്നത്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്.
തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,50,000/- പിഴ സർക്കാരിലേക്ക് ഈടാക്കിയും ഉപയോഗ യോഗ്യമായ 1,51,900/- രൂപയുടെ മത്സ്യം ലേലം ചെയ്ത് തുകയും ചേർത്ത് ആകെ 4,01900/- (നാല് ലക്ഷത്തി ആയരത്തി തൊള്ളായിരം ) രൂപ ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതുമാണ്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.
അഴിക്കോട് മത്സ്യ ഭവനിലെ ഫിഷറീസ് എകസ്റ്റൻ്റഷൻ ഓഫീസർ സുമിത ഇ.ബി ഇംപോണ്ടിങ്ങ് നടപടികൾ പൂർത്തിയാക്കി സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറി. എഎഫ്. ഇ ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ പ്രശാന്ത് കുമാർ വി.എൻ, ഷിനിൽകുമാർ ഇ ആർ ഷൈബു വി.എം , സീറെസ്ക്യൂ ഗാർഡുമാരായ സിജീഷ് , ഡ്രൈവർ അഷറഫ് പേബസാർ, സ്രാങ്ക് ദേവസി മുനമ്പം. എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻ്റ് സംഘത്തിൻ്റെ കർശന പരിശോധന ഉണ്ടായിരിക്കുമെന്നും ചെറുമത്സ്യങ്ങളെ പിടികൂടുന്നവർക്കെതിരെയും കരവലി, പെയർ ട്രോളിംഗ്, ലൈറ്റ് ഫിഷിംഗ്, കളർ കോഡിങ്ങ് ഇല്ലാത്ത യാനങ്ങൾകെതിരെയും എന്നിവയ്ക്കെതിരെയും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ അബ്ദുൾമജീദ് പോത്തനൂരാൻ അറിയിച്ചു.
Leave A Comment