ഡീസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി
മാള: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീസോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. 248 പോയിന്റ് നേടിയാണ് കിരീടം സ്വന്തമാക്കിയത്. 206 പോയിന്റ് നേടി തൃശൂർ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് രണ്ടാം സ്ഥാനവും 149 പോയിന്റോടെ ശ്രീ കേരള വർമ്മ കോളേജ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ചാലക്കുടി എം എൽ എ സനിഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ചെയർപേഴ്സൺ നിതിൻ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ടി ജെ മാർട്ടിൻ , ബെന്നി ജോൺ ഐനിക്കൽ , ജിയോ ബേബി മധു രാമനാട്ടുക്കര തുടങ്ങിയവർ സംസാരിച്ചു.വിദ്യാർഥിസംഘർഷത്തെ തുടർന്ന് മാറ്റിവച്ച കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം ഇന്നലെയും ഇന്നുമായാണ് മാള ഹോളിഗ്രേസിൽ നടന്നത് .പോലീസ് നിയന്ത്രണത്തിലായിരുന്നു മത്സരങ്ങൾ നടന്നത് . രാവിലെ ഒൻപത് മുതൽ അഞ്ചുവരെ മത്സരങ്ങൾ നടത്താനായിരുന്നു കോടതി നിർദേശിച്ചിരുന്നത് . ജനുവരി 28-ന് കെ.എസ്.യു.-എസ്.എഐ. സംഘർഷത്തെത്തുടർന്നാണ് കലോത്സവം നിർത്തിവെച്ചത്. പതിനെട്ടിനങ്ങളിലെ മത്സരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടന്നത് . മത്സരങ്ങൾ ഈ മാസം ആറിന് നടത്താൻ സർവകലാശാലയും സംഘാടകരും തീരുമാനിച്ചെങ്കിലും കോടതിനിർദേശം ലഭിക്കാത്തതിനാൽ പോലീസ് ഇടപെട്ട് തടഞ്ഞു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ അഞ്ചുവേദികളിൽ രാവിലെ ഒൻപത് മുതൽ അഞ്ചുവരെ മത്സരങ്ങൾ നടത്താനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. പകൽ മാത്രം നടത്താൻ നിർദേശിച്ചതിനാലാണ് രണ്ടു ദിവസത്തേക്ക് മത്സരം നീണ്ടുപോയത്. മത്സരാർഥികളെയും കൂടെ വരുന്നവരെയും പോലീസ് നിരീക്ഷിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . കലാലയത്തിന്റെ എല്ലാ ഭാഗത്തും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു . പ്രവേശിക്കുന്നതും പുറത്തേക്ക് കടക്കുന്നതും പോലീസ് നിശ്ചയിക്കുന്ന വഴിയിലൂടെ മാത്രമായിരുന്നു . ജില്ലാ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനം കോടതി അംഗീകരിച്ചതോടെയാണ് കലോത്സവത്തിന്റെ നിയന്ത്രണം പോലീസിലേക്ക് മാറ്റിയത്. അതിനിടെ സംഘർഷത്തിൽ ഉൾപ്പെട്ടു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന ആറാം പ്രതി എസ് എഫ് ഐ പ്രവർത്തകൻ അഷ്‌റഫ് ഇന്നലെ കലോത്സവവേദിയിൽ എത്തിയത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. ഇയാളെ പോലീസ് പിടികൂടാനെത്തിയപ്പോൾ മതിൽചാടി പ്രതി രക്ഷപ്പെടുകയാണ് ഉണ്ടായത്.
Leave A Comment