കേരളവിഷന്‍ ന്യൂസിന്റെ സ്ത്രീലോകം വുമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്റ് അവാര്‍ഡ്സ് 2025ന് കൊടിയിറങ്ങി
കൊച്ചി: വിവിധ മേഖലകളിലെ വനിത മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്തും വനിതകള്‍ക്ക് സ്വയം സംരംഭകരാകാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചും കേരളവിഷന്‍ ന്യൂസിന്റെ സ്ത്രീലോകം വുമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്റ് അവാര്‍ഡ്സ് 2025. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിർവഹിച്ചു. സ്ത്രീകള്‍ സമൂഹത്തിന്റെ പുനഃ നിര്‍മാണ പ്രക്രിയയുടെ ഭാഗമായി നല്‍കുന്ന കാണാപ്പണികളായി അവശേഷിക്കരുതെന്ന് മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കാഴ്ച വെച്ച വനിതകളുടെ വിവിധ ചര്‍ച്ചകളിലൂടെയാണ് ഒരു പകല്‍ നീണ്ടുനിന്ന കേരളവിഷന്‍ ന്യൂസിന്റെ സ്ത്രീലോകം വുമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്റ് അവാര്‍ഡ് 2025ന് കൊടിയിറങ്ങിയത്. കലാ,സാംസ്‌കാരിക,സാമൂഹിക,രാഷ്ട്രീയ,വ്യവസായ മേഖലകളില്‍ ശ്രേദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളാണ് കോണ്‍ക്ലേവില്‍ അതിഥികളായി പങ്കെടുത്തത്. വൈകിട്ട് നടന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ ആത്മവിശ്വാസം ആര്‍ജിച്ചുകൊണ്ട് സമൂഹത്തിന്റെ നേതൃനിരയിലേക്ക് നടന്നു കയറുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസമത്വം ആദ്യം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് കോണ്‍ക്ലേവില്‍ ആശംസാപ്രസംഗം നടത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീ- പുരുഷ വ്യത്യസമില്ലാത എല്ലാവരും ഒന്നാണെന്നും കേരളത്തിന്റെ വികസനത്തില്‍ കൈകോര്‍ത്ത് മുന്നോട്ട് നിങ്ങാമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വനിതകള്‍ക്ക് പുരസ്‌കാരങ്ങള്‍ മന്ത്രിമാരായ ആർ ബിന്ദുവും കടന്നപ്പള്ളി രാമചന്ദ്രനും ചേർന്ന് സമ്മാനിച്ചു.വനിതാ നേതൃത്വത്തെ ആഘോഷിക്കുന്നതിനും ഭാവിയിലെ മാറ്റത്തിന് പ്രചോദനം നല്‍കുന്നതിനുമായി സംഘടിപ്പിച്ച വനിതാ നേതൃത്വ കോണ്‍ക്ലേവ് , സമൂഹത്തില്‍ കാതലായ സ്വാധീനം ചെലുത്തിയ സ്ത്രീകള്‍ക്കുള്ള അംഗീകാരത്തിന് കൂടി വേദിയായി. വിദ്യാഭ്യാസം, സാമൂഹിക വികസനം, മനുഷ്യാവകാശം, ഊര്‍ജ രംഗം, ടൂറിസം, ഫാഷന്‍, ലോജിസ്റ്റിക്‌സ് എന്നീ കാറ്റഗറികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച 7 വനിതകളെയാണ് മന്ത്രിമാരായ ആര്‍ ബിന്ദുവും കടന്നപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് ആദരിച്ചത്. സമൂഹ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് എഴുത്തുകാരിയും നിസ സംഘടനയുടെ പ്രസിഡന്റുമായ വി പി സുഹ്‌റ പുരസ്‌കാരത്തിന് അര്‍ഹയായി. മാനുഷിക രംഗത്ത് തന്റെ ട്രസ്റ്റിനൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എസ് സുനില്‍ ഫൗണ്ടേഷന്‍ സ്ഥാപകയായ ഡോക്ടര്‍ എം.എസ് സുനിലും ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് നേടി . വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൊറിസോണ്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്മിജാസ് ജെയും , ഫാഷന്‍ രംഗത്ത് തന്റേതായ അടയാളം പതിപ്പിച്ച ഡീ ഫാബ് സ്ഥാപകയും എംഡിയുമായ പ്രിയാ വര്‍മയും ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. ഊര്‍ജരംഗത്തെ സംഭാവനകള്‍ക്ക് ഡോക്ടര്‍ ഐശ്വര്യ ജയകുമാര്‍, ടൂറിസം രംഗത്ത് റിഫ്താ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്‌നീമാ ഷരീഫ് എന്നിവരും, ലോജിസ്റ്റിക്‌സ് ആന്റ് സ്‌പ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നവ്‌ലോക് അക്കാദമി ഡയറക്ടര്‍ അപര്‍ണ സനേഷ് ശര്‍മയും അവാര്‍ഡിനര്‍ഹരായി.
കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്. സിബി, കേരളവിഷന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി തുടങ്ങിയവര്‍ കോണ്‍ക്ലേവിൽ പങ്കെടുത്ത് സംസാരിച്ചു.
Leave A Comment