ജില്ലാ വാർത്ത

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിനായി പൊലീസ് തെരച്ചില്‍, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിനായി പൊലീസ് തെരച്ചില്‍. കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സുകാന്ത് രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍. നിലവില്‍ സുകാന്തിനെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല.മേഘയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് നൽകിയതായി പിതാവ് മധുസൂദനൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മധുസൂദനൻ അറിയിച്ചു. പേട്ട സിഐ ആത്മാർത്ഥമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. സുകാന്തിന്റെ പ്രേരണ മൂലമാണ് മേഘ ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതി രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയത് മകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരമറിയാനാണെന്നും മധുസൂദനൻ വ്യക്തമാക്കി. സുകാന്ത് മേഘയിൽ നിന്നും പണം തട്ടിയതിന്റെ ബാങ്ക് രേഖകൾ ഹാജരാക്കിയതായും ഇതു പ്രകാരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.മാർച്ച് 24നായിരുന്നു പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24കാരിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. 

Leave A Comment