പെട്രോളൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ്, പാതി കത്തിയ ശരീരവുമായി കിണറിനുള്ളില്‍ തൂങ്ങി മരിച്ചു
പാലക്കാട്: പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് പാതി കത്തിയ ശരീരവുമായി തൂങ്ങിമരിച്ചു. എടപ്പാൾ നടുവട്ടം സ്വദേശി ഷൈബു ആണ് മരിച്ചത്. ബന്ധുക്കൾ തീകെടുത്തിയെങ്കിലും ഷൈബു കിണറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു.പാലക്കാട് കൂറ്റനാട് പാലക്കപ്പീടികയിലാണ് ദാരുണ സംഭവം. പാലക്കപീടികയിലാണ് മരിച്ച ഷൈബുവിന്റെ ഭാര്യവീട്. ദിവസങ്ങൾക്കു മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതി പാലക്കപീടികയിലെ വീട്ടിലെത്തിയിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാനായാണ് ഷൈബു എത്തിയത്. ഇവിടെ വെച്ച് വാക്കു തർക്കങ്ങൾ ഉണ്ടാവുകയും പിന്നീട് റോഡിലേക്ക് വന്ന് ഷൈബു കയ്യിൽ കരുതിയിരുന്ന ഇന്ധനം ദേഹത്ത് ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഉടൻ തന്നെ ഭാര്യവീട്ടുക്കാർ ഓടിയെത്തി തീയണച്ചു.രക്ഷാപ്രവർത്തനത്തിനിടെ ഭാര്യയുടെ സഹോദരനും കൈക്ക് പൊള്ളലേറ്റിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ഷൈബു ഉടൻ തന്നെ അവിടെ നിന്ന് തന്റെ സ്കൂട്ടറുമായി പോകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ബന്ധുക്കൾ ചാലിശ്ശേരി പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഷൈബുവിനെ കണ്ടെത്താനായില്ല.മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഷൈബുവിനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മോട്ടോർ കെട്ടാനായി ഉപയോഗിച്ച കയറിലാണ് ഷൈബു തൂങ്ങിയത്. ദേഹത്ത് പൊള്ളലേറ്റ പാടുകളും ഉണ്ട്. പട്ടാമ്പി ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പാലക്കാട് നിന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
Leave A Comment