ജില്ലാ വാർത്ത

ബ്രഹ്മാനന്ദശിവയോഗി സ്മൃതിസംഗമം പ്രൊഫ. കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും

തൃശൂർ: ശ്രീനാരായണഗുരുവിനൊപ്പം പരിഗണിക്കപ്പെടേണ്ട നവോത്ഥാന നായകനായ ബ്രഹ്മാനന്ദശിവയോഗിയുടെ ധൈഷണിക വിപ്ലവജീവിത സ്മരണകളും യുക്തിചിന്ത, ആനന്ദമതം, മനസ്സാണ് ദൈവം, ജാതിമതദൈവനിരാസം തുടങ്ങിയ ദർശനങ്ങളും വിസ്മൃതിയിലേക്കാണ്ടു തുടങ്ങിയ സാഹചര്യത്തിൽ അവയെ സംരക്ഷിക്കാനും അന്യാധീനപ്പെട്ട സിദ്ധാശ്രമവും അനുബന്ധ സ്വത്തുക്കളും തിരിച്ചു പിടിക്കാനുമുള്ള പരിശ്രമത്തിന് തുടക്കം കുറിക്കുന്ന മഹാസമ്മേളനം ജൂൺ 14 ന് തൃശൂരിൽ നടക്കുകയാണ്. 

ആനന്ദമഹാസഭയുടെ പഴയ കാല പ്രവർത്തകരും ശിവയോഗി ദർശനങ്ങളുടെ അനുഭാവികളും ഒത്തുചേരുന്ന സ്മൃതിസംഗമം കേരള സാഹിത്യ അക്കാദമി പ്രസിഡന്റും പ്രസിദ്ധ കവിയുമായ പ്രൊഫ. കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന പ്രസ്തുത സമ്മേളനം വിജയിപ്പിക്കാനുള്ള സ്വാഗത സംഘ രൂപീകരണ യോഗം തൃശൂരിൽ നടന്നു. ഇയ്യങ്കോട് ശ്രീധരൻ, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. കെ. ജയനിഷ, വി.ടി. വാസുദേവൻ, പാർവ്വതി പവനൻ, സി.കെ.വേലായുധൻ എന്നിവർ രക്ഷാധികാരികളും സി.പി. കാർത്തികേയൻ ചെയർമാനും എസ്. രമണൻ സെക്രട്ടറിയുമായിരിക്കും.
ഡോ. പ്രഭാകരൻ പഴശ്ശി വർക്കിംഗ് ചെയർമാനും ഡോ.എൻ. ഉഷാദേവി, ഡോ.വി.എൻ.സുജയ എന്നിവർ വൈസ് ചെയർമാന്മാരും വി.യു. സുരേന്ദ്രൻ, വി.ചന്ദ്രബാബു എന്നിവർ ജോ.സെക്രട്ടറിമാരും വി.കെ. നാരായണൻ ട്രഷററുമാണ്. കൂടുതൽ വിവരങ്ങൾക്കായി 9562442350 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Comment