ജില്ലാ വാർത്ത

കാർ ബൈക്കിലിടിച്ച ശേഷം കൽവർട്ടിലേക്ക് പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പാലക്കാട്: നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച കാര്‍ കല്‍വര്‍ട്ടിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മേലാര്‍കോട് ആണ്ടിത്തറ ബാലസുബ്രഹ്‌മണ്യന്‍ (39) ആണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിന് സമീപം വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.ആലത്തൂരില്‍ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്കിടിച്ച് തെറിപ്പിച്ചു.

കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലെ യാത്രക്കാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്കില്‍ ഇടിച്ചതിന് പിന്നാലെയാണ് പാതയോരത്തെ കല്‍വര്‍ട്ടില്‍ ഇരിക്കുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലുസബ്രഹ്‌മണ്യന്‍ തല്‍ക്ഷണം മരിച്ചു. കല്‍വര്‍ട്ടില്‍ ഇരിക്കുകയായിരുന്ന ചേരാമംഗലം പഴയാണ്ടിത്തറ സന്തോഷ് (36), മേലാര്‍കോട് ഇരട്ടക്കുളം ജയകൃഷ്ണന്‍ (54) എന്നിവര്‍ക്കും പരിക്കേറ്റു.അപകടത്തില്‍പെട്ട കാറില്‍ ഉണ്ടായിരുന്ന നെന്മാറ ബസ്റ്റാന്റിനുസമീപം ശ്രീകൃഷ്ണയില്‍ പ്രതാപന്‍ (46), വത്സല (52), ഗായത്രി (ഒന്‍പത്) എന്നിവര്‍ക്കും സാരമായ പരിക്കേറ്റു.


Leave A Comment