ജില്ലാ വാർത്ത

കലൂർ കൊലപാതകം; സമൂഹ മാധ്യമത്തിലെ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മിഷണർ

കൊച്ചി: കലൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി കിരൺ ആന്റണിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് കൊലപാതകത്തിന് പ്രകോപനമായത്.

തമ്മനം സ്വദേശി സജിൻ ഷഹീറാണ് (28) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ രണ്ട് വർഷമായി തർക്കമുണ്ട്, വിവിധ സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്.

സംഘങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സജിന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Leave A Comment