സ്വകാര്യ ബസ് സൂചന പണിമുടക്ക് :അത്താണിയിൽ തൊഴിലാളി സംഘർഷം
ചെങ്ങമനാട് : സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് അവഗണിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ സമരാനുകൂലികൾ തടഞ്ഞു. തൊഴിലാളി യൂണിയൻ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത നടപടി സംഘർഷത്തിനിടയാക്കി. നേതാക്കളെ പോലീസ് െെകയേറ്റം ചെയ്തെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ അത്താണിയിൽ സർവീസ് നടത്തിയ രണ്ട് ബസുകൾ സമരാനുകൂലികൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന്, അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ചും സ്റ്റേഷനിൽ നേതാക്കളുടെ കുത്തിയിരിപ്പും ചെങ്ങമനാട് ജങ്‌ഷനിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. ഒടുവിൽ ആലുവ ഡിവൈ.എസ്.പി. സ്ഥലത്തെത്തി കേസെടുക്കില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് നേതാക്കൾ പിരിഞ്ഞുപോയത്.
കൂലിവർധന ആവശ്യപ്പെട്ട് അത്താണി - അങ്കമാലി - കാലടി - കൊരട്ടി മേഖലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ വെള്ളിയാഴ്ച സൂചനാ പണിമുടക്കിലായിരുന്നു. എന്നാൽ, അത്താണി മേഖലയിൽ രണ്ട് ബസുകൾ പണിമുടക്കിനെ അവഗണിച്ച് രാവിലെ സർവീസ് നടത്തി.
ഉടമകളാണ് ബസുകൾ ഓടിച്ചത്. അത് തൊഴിലാളികളെ പ്രകോപിതരാക്കി. തുടർന്ന് അത്താണി ജുഡീഷ്യൽ അക്കാദമിക്ക് സമീപം രണ്ട് ബസുകളെയും പണിമുടക്കിൽ പങ്കെടുത്ത ഏതാനും തൊഴിലാളികൾ തടഞ്ഞു. ചെങ്ങമനാട് എസ്.ഐ. പി.ജെ. കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബസ് സർവീസ് നടത്താൻ നടപടി സ്വീകരിച്ചെങ്കിലും തൊഴിലാളികൾ ബസ് തടയുകയായിരുന്നു.
Leave A Comment