നാലുവർഷംകൊണ്ട് സമഗ്ര ഡിജിറ്റൽ റീസർവേ നടത്തും: മന്ത്രി കെ രാജൻ
തൃശൂര്‍: നവംബർ മാസം മുതൽ അത്യാധുനിക റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഒരേസമയം സംസ്ഥാനത്തെ 200 വില്ലേജുകളിൽ റീസർവേ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇഞ്ചമുടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നാലുവർഷം കൊണ്ട് അധ്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുന്ന വലിയൊരു സംവിധാനത്തിലേക്ക് മാറും. റവന്യു വകുപ്പ് സമ്പൂർണമായി ഡിജിറ്റലൈസേഷനിലേക്ക് കടക്കും.
വില്ലേജ് ഓഫീസുകൾ സാധാരണ ജനങ്ങൾക്ക് അതിവേഗം മറുപടി നൽകാൻ കഴിയുന്ന കേന്ദ്രങ്ങളായി മാറണം. അതിനായി ഓഫീസിൻ്റെ അകവും പുറവും ഒരുപോലെ സ്മാർട്ട് ആകണം. നവംബർ മാസത്തോടെ വില്ലേജ് തല സമിതി അംഗങ്ങളെ റവന്യൂ നിയമങ്ങളും സേവനങ്ങളും പഠിപ്പിക്കും. ഭൂമിയെ സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ അറിവുനല്കുന്നതിനായി ഈ സമിതികളെഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരുവർഷം കൊണ്ട് ജനങ്ങളെ ഇ - സാക്ഷരരാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളിലും രേഖ ഉണ്ടാക്കാൻ കഴിയുന്ന ടോപ് ഓഫ് ഗ്രാഫ് സംവിധാനം ഉൾപ്പടെയുള്ളവ കൊണ്ടുവരും. റീസർവേ നടത്തുന്നതിൻ്റെ ഭാഗമായി നാല് വർഷത്തേക്ക് 4,700 താൽകാലിക സർവേ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. അന്തിക്കാട് പഞ്ചായത്തിലെ പടിയം വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നതിന് 44 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയുടെ സ്മാർട്ട് വില്ലേജ് ഓഫീസ് ആണ് ഇഞ്ചമുടിയിൽ നിർമിക്കുന്നത്. സി സി മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, തഹസിൽദാർ ടി ജയശ്രീ, ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഇന്ദുലാൽ, മറ്റ് ജനപ്രധിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment