ജില്ലാ വാർത്ത

പഞ്ചായത്ത് മെമ്പറും യുവതിയും ട്രെയിനടിയിൽപ്പെട്ട് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കൊല്ലത്തെ ആവണിശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടയിലാണു പഞ്ചായത്ത് മെമ്പർക്കും രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും ദാരുണാന്ത്യമുണ്ടായത്ട്രാക്കിലേക്ക് വീണ ഇരുവരും ട്രെയിനിനടിയില്‍ പെടുകയായിരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡണ്ടും നിലവിലെ പഞ്ചായത്ത് മെമ്പറുമായ റഹീംകുട്ടി(59), ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുന്നിക്കോട് സ്വദേശിനി സജീന(40) എന്നിവരാണ് മരിച്ചത്. ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലത്തേക്കുപോകാന്‍ രണ്ടുപേരും ട്രെയിന്‍ കാത്തുനില്‍ക്കവേയായിരുന്നു അപകടം.

പുനലൂര്‍-കൊല്ലം പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ റഹിംകുട്ടിയുടെ പോക്കറ്റില്‍ നിന്നും പേപ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയും ഇത് എടുക്കാന്‍ കുനിയുമ്പോ മൊബൈല്‍ ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. മൊബൈല്‍ എടുക്കാനായി ട്രാക്കിലേക്കിറങ്ങിയ റഹിംകുട്ടി തിരിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രാക്കിലേക്കുതന്നെ വീണു. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സജീനയും ട്രാക്കിലേക്ക് വീഴുകയും ഇരുവരും ട്രെയിനിന് അടിയില്‍ പെടുകയുമായിരുന്നു.

സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Comment