റോളർ സ്കേറ്റിംഗ്: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് റെക്കോർഡ്
മാള: ഡോക്ടർ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ റോളർ സ്കേറ്റിംഗ് താരങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹരായതായി സ്കൂള്‍ അധികൃതര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്കേറ്റിംഗ് ട്രാക്ക് ആയ കർണാടകയിലെ ഗുൾബർഗിലെ സ്റ്റേഡിയം ആയിരുന്നു മത്സരവേദി.
ഡോക്ടർ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ 17 വിദ്യാർഥികൾ ഒന്നിച്ച് തുടർച്ചയായി 96 മണിക്കൂർ സ്കേറ്റിംഗ് നടത്തിയാണ് 46 മണിക്കൂറിന്റെ മുൻ റെക്കോർഡ് ഇരട്ടിയാക്കി ഭേദിച്ചത്. ഉറക്കം ഒഴിവാക്കി രാപ്പകൽ നാല് ദിനരാത്രങ്ങൾ നീണ്ട മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചവരിൽ ആറ് പെൺകുട്ടികളും ഉണ്ടായിരുന്നു. 9 വയസ്സ് മാത്രം പ്രായമായ ദേവമിത്ര രാജേഷ്, മുഹമ്മദ് ഇൽഹം പി ജെ, എന്നിവരും കോരിച്ചൊരിയുന്ന മഴയെ അതിജീവിച്ച് മുഴുവൻ സമയവും സ്കേറ്റിംഗ് നടത്തി റെക്കോർഡിന് അർഹരായി. മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ ഇവർ ആയിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രണ്ടായിരത്തോളം റോളർ സ്കേറ്റിങ് താരങ്ങളാണ് ഗിന്നസ് റെക്കോർഡിന് ആയി മത്സരിച്ചത്. ഷാജഹാൻ ഇ എച്ച്, ഷീബ മാണി, ദേവേന്ദർ തലാൽ എന്നീ കോച്ചുമാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ശ്രീലക്ഷ്മി എം എസ്, പി ലക്ഷ്മി ചന്ദ്ര, രുദ്ര കൃഷ്ണ, അമേയ അംജാദ്, ദേവമിത്ര രാജേഷ്, നേതിക ജോസഫ്, കെ. ടി അശ്വൽ, ഇ .എസ് മുഹമ്മദ് ഇൽഹം, പി .ജെ ദേവദത്ത് നാരായണൻ, അക്രജ് കൃഷ്ണൻ, അക്ഷയ് കൃഷ്ണൻ കെ, അനയ് ഹരീഷ് പാണാട്ടിൽ, മുഹമ്മദ് സഹൽ ടി ആർ, പ്രീത് രമേശ്, ദേവർഷ് രാജ് പനങ്ങാട്ട്, ആദിദേവ് അനിൽകുമാർ, റയാൻ സി ബിജോയ് എന്നിവരടങ്ങുന്ന ടീമാണ് ഗിന്നസ് റെക്കോർഡിന് അർഹരായത്.
മാളയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സ്കൂൾ ചെയർമാൻ ഡോക്ടർ രാജു ഡേവിസ് പെരേപ്പാടൻ, പ്രിൻസിപ്പൽ ജിജി ജോസ്, കോച്ച് ഇ . എച്ച് ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Leave A Comment